Showing posts with label aluva bridge history. Show all posts
Showing posts with label aluva bridge history. Show all posts

Saturday, June 14, 2025

ആലുവയുടെ മുഖമുദ്രയായ മാര്‍ത്താണ്ഡവര്‍മ പഴയ പാലത്തിന് 81 വയസ്സ്​.

  മാര്‍ത്താണ്ഡവര്‍മ ഇളയ രാജാവാണ് 1940 ജൂണ്‍ 14ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ പാലം കേരളത്തിലെ ഗതാഗത സംവിധാനത്തിലെ പ്രധാന ഭാഗമായി മാറുകയായിരുന്നു. 1937ലാണ് പെരിയാറിന് കുറുകെ പാലം പണിയാന്‍ ആരംഭിച്ചത്. 8 ലക്ഷം രൂപക്ക്​ ജെ.ബി ഗാമണ്‍ കമ്പനിക്കായിരുന്നു കരാര്‍.

അന്നത്തെ പ്രധാന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചായിരുന്നു നിര്‍മാണം. പാലത്തി​ന്‍റ ഡക്കിന് താഴെ ആറിടങ്ങളില്‍ ഭീമന്‍ സ്പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് കട്ടികളില്‍ സ്ഥാപിച്ച്‌ ഷോക്ക് അപ്സോര്‍ബിങ് സിസ്​റ്റം ഉണ്ടാക്കിയിട്ടുണ്ട്​. ഇറ്റലിയില്‍ നിന്ന്​ ഇറക്കുമതി ചെയ്​തതാണ് ഇവ. ഈ സംവിധാനം ഇന്നും പ്രവര്‍ത്തിക്കുന്നു.

  ജി.ബി.എസ് ട്രസ്കോര്‍ട്ട്, എം.എല്‍. ദുരൈസ്വാമി അയ്യങ്കാര്‍ എന്നിവരായിരുന്നു ചീഫ് എന്‍ജിനീയര്‍മാര്‍. പാലം പണിക്കിടെ പാലത്തി​ന്‍റ തെക്കേ കൈതലയുടെ പണി നടക്കുമ്ബോള്‍ മണ്ണിടിഞ്ഞ് വലിയ അപകടമുണ്ടായി. 1938 നവംബര്‍ 21ന് തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ഇടിഞ്ഞുവീണ മണ്ണിനും കല്ലിനും അടിയില്‍ 11പേരാണ് അകപ്പെട്ടത്. ഇതില്‍ 10പേര്‍ മരിച്ചു. ആലുവ സ്വദേശി താണിപ്പിള്ളില്‍ തൊമ്മി മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

 അഞ്ച് അണയായിരുന്നു (60 പൈസ) പാലം നിര്‍മാണത്തിലെ ഒരു പുരുഷ തൊഴിലാളിക്ക് ലഭിച്ച ദിവസക്കൂലി. സ്​ത്രീ തൊഴിലാളിക്ക് നാല് ചക്രവും (30 പൈസയോളം) ലഭിച്ചു. ഉദ്ഘാടനത്തോട്​ അനുബന്ധിച്ച്‌ 19 ലോറികളും മൂന്ന് ആനകളും പാലത്തിലൂടെ സഞ്ചരിച്ചു. ഈസമയം എന്‍ജിനീയര്‍ ജി.ബി.എസ് ട്രസ്കോര്‍ട്ടും ഭാര്യയും മകനും പുഴയില്‍ ഒരു വഞ്ചിയില്‍ ഇരുന്നു. പാലത്തി​ന്‍റ ഉറപ്പ് തെളിയിക്കാനാണ് അദ്ദേഹം പാലത്തിനടിയില്‍ നിലയുറപ്പിച്ചത്. അഞ്ചര മീറ്റര്‍ വീതിയും 141 മീറ്റര്‍ നീളവുമുള്ള പാലത്തില്‍ മൂന്ന് വീതം ആര്‍ച്ചുകളാണ് ഇരുഭാഗത്തുമായി തീര്‍ത്തത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തി​ന്‍റ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്.